Mar 28, 2009

ചില പക്ഷികള്‍ ; ചിലയ്ക്കാത്തവര്‍



ഒരു മരുതി മാത്രം മറിഞ്ഞു വീണില്ലൊരു  
കുത്തൊഴുക്കിപ്പോയ പ്രളയത്തിലന്നും  
ഒരു മതമായെത്ര പക്ഷികള്‍  
കുളിരുമായന്ന് അടിഞ്ഞതിന്‍ ചില്ലയില്‍..  

ചിലത് ചിക്കിചികഞ്ഞു കുതിര്‍ന്നോരാ  
ചിറകു വീശി പറക്കാന്‍ ശ്രമിക്കവേ 
ഇടറിയെങ്കിലും ചാഞ്ചാടി നിന്നൊരാ 
ചെറിയ ചില്ലകള്‍ താങ്ങായി നിന്നതും..  

ഇനിയുമെത്രയോ സായന്തനങ്ങളില്‍  
ശ്രുതി പകര്‍ന്നു നിറഞ്ഞൊരാ പക്ഷികള്‍ 
പുലരിയില്‍ കൊക്കുരുമ്മി ചിരിച്ചു 
പകമറന്നു പറന്നെത്ര പകലുകള്‍..  

ചിന്തയില്‍ വിഷം ചാലിച്ചു നീട്ടിയ 
വ്രണിത ഭോജ്യം കൊത്തിപ്പെറുക്കിയും  
കലുഷ മാനസം പേറി പറന്നിടും 
വിഭല യാത്രയില്‍ പരസ്പരം കൊത്തിയും
മരണ ഭൂവില്‍ പതിച്ചെത്ര ജീവന്റെ 
ചിറകരിഞ്ഞു ചിലച്ചു ചീവീടുകള്‍..  

ചലിത കാലം തിരിഞ്ഞു തിരക്കവെ 
ചിരി ചിരട്ടക്കരി പോലെ തുപ്പി നീ 
പകയുറഞ്ഞ് ഊര്‍ജമായ് ജ്വലിച്ചു 
പകുതി വാടിയോരിലകളില്‍ തങ്ങിയ 
പൊടി നുണഞ്ഞൊരു പ്രാണിയെക്കണ്ടുവോ...!

(25/03/09)


Mar 6, 2009

ഇനി എന്താണ് ബാക്കി..!


നിന്റെ മുടിയിഴ തലോടിയ വിരലിന്റെ 
ആത്മാവിലൂറിയ കാച്ചെണ്ണതന്‍ സുഗന്ധമാണിന്നെന്റെ 
മേനികുതിര്‍ക്കുന്ന നിനവുകള്‍
ഗന്ധമാണതിന് ഏതോ ദുര്‍ഗന്ധമാണ്.. ആരോ 
കരള്‍ചൂഴ്ന്നെടുത്ത് എന്റെ മുന്നിലെക്കൊരു 
പിടയും കളിക്കോപ്പുപോലെ കാട്ടീടവേ..
നീറും നിണത്തിന്റെ ചുറ്റുപാടില്‍ കപടമേതോ 
നിറത്തിന്റെ മുഖപടം ചാലിച്ച കൈത്തടം..  

ഓര്‍മ്മയുണ്ടോ.. നിന്റെ അനുരാഗ വിരഹവും പേറി 
സായംകാലവിശുദ്ധി കണ്ടൊരു സൂര്യന്റെ യാത്രയില്‍ മനംനൊന്ത് 
നീയുമായ് കടല്‍ കണ്ടന്നു ഇരുന്നൊരു സന്ധ്യകള്‍.. 
അന്നേരവും നിന്റെ ചുരുള്‍മുടി ഇഴകളെ 
കാറ്റ് പാറിച്ചതെന്റെ നിറയുന്ന കണ്കളെ മൂടിയതും.. 
പ്രണയിച്ചിരുന്നു ഞാന്‍ പ്രേയസീ..
നിന്റെ ചെറുമിഴിക്കോണിനെ, ചുവന്ന കര്‍ണങ്ങളെ, 
ഇടറുന്ന അധരത്തെ, വിറയാര്‍ന്ന കൈകളെ, 
വാടിയ മേനിയെ, അതിനുള്ളില്‍ നിറയും 
ചുടു നിണത്തിന്റെ സ്പന്ദനത്തെ..

നീയാണ് ഗുരുവെന്നതറിയുന്നു ഞാന്‍.. 
ശിഥിലമീ ജീവിതയാത്രയില്‍ ചൊല്ലിയ വാക്കുകള്‍.. 
ഇരുളാക്കുവാനും പകലാക്കുവാനും കഴിയുന്ന വാക്കുകള്‍ 
ലകഷ്യങ്ങളൊക്കെ തിരിക്കുന്ന സത്യങ്ങള്‍ 
ലക്ഷണമില്ലാതെ മേനിതുരന്നതിന്‍ ഉത്തരതിണ്ണയില്‍ 
പെരുകും പുഴുക്കളായ് ജീവന്റെസ്പന്ദനം കാര്‍ന്നുതിന്നൊരു 
ജൈവവേതാളമായ് എന്നെ മാറ്റിയ വാക്കുകള്‍..
ഒരു വെറ്റിലക്കീറില്‍ അടയ്ക്ക പൊതിഞ്ഞു 
ഞാനര്‍പ്പിക്കട്ടെ നിന്റെ നിഗൂഡശൂന്യമാം പാദത്തില്‍.. 

നിത്യമാം കൂരിരുള്‍ കേറിയ ഹൃത്തടം നോവിച്ച 
നൊമ്പരമായ് ആത്മസത്യങ്ങള്‍ വിരിയുന്ന തൊട്ടാവാടിയായ് 
എന്കരമേല്‍ക്കവേ വാടിയിരുന്നു നിന്‍മേനി..

ഇനി എന്താണ് ബാക്കി.. ചിതലരിച്ചാകാരം
ഒക്കെ കരിമ്പായല്‍ മൂടിയോരുള്‍ത്തടം 
ഒരു നിണത്തുള്ളിയില്‍ ജീവന്റെ സ്പന്ദനം
ഓര്‍മതന്‍ ചെപ്പിലെ ചീയുംവികാരങ്ങള്‍..

നിദ്രയില്‍ നിഴലിച്ച നിന്മുഖമൊരു കൊച്ചുപുഞ്ചിരി 
പോഴിച്ചതില്‍ അല്പമായ് കണ്ടൊരാ പല്ലുകള്‍ 
തൂവിയ രക്തവര്‍ണത്തിന്റെ നിത്യസത്യങ്ങളെ 
കരുതാലോടരുമയായ് വരച്ചീടവേ..
തെളിയുന്ന ചിത്രത്തില്‍ ഉത്തരമുണ്ട്; അര്‍ത്ഥമുണ്ട് 
ആകാശവും ഭൂമിയും സത്യമെന്നറിയുവാന്‍ പഴുതുണ്ട്
ഇനിയും ഞാന്‍ നടക്കട്ടെ.. കാണുന്ന പാതയില്‍.. 
കണ്ണുകള്‍ ഇരുളുവോളം.. പാദങ്ങള്‍ തളരുവോളം..!

(9/11/05)