Jun 26, 2009

സര്‍ക്കാര്‍ മാലാഖമാര്‍



കറുപ്പു ചൂടിയ ശീതനിശീഥിനി
തുളച്ചു വീഴുന്ന മെര്‍ക്കുറി വെളിച്ചം
ഇരുട്ടു കയറുന്ന മിഴികളുമായ് അന്ന്
വന്നിറങ്ങുന്നു ഞാന്‍ നഗരമധ്യത്തിലായ്..

വീടുദൂരം ക്ഷണത്തില്‍ കഴിക്കുവാന്‍
ചെന്ന് മുട്ടി വിളിച്ചൊരു ഡ്രൈവറോ, ചൊല്ലി
ഓട്ടോ വരുന്നില്ലയാ വഴിക്ക് എന്ന്
ശാന്തമായ്‌ മൂടും മിഴികളും..

ഇന്നോളം ഊര്‍ജം ചോരാത്ത പാദങ്ങള്‍
അന്നും ഓതി, നടന്നിടാം വീട്ടിലേക്ക്‌
എത്തുവാന്‍ ഇത്ര ദൂരമേയുള്ളൂ നീ
ശക്തമായി മാറ്റി വെച്ചിടൂ ഞങ്ങളെ..

കാതമല്‍പം നടന്നു നീങ്ങിടവേ
കൂരിരുള്‍ മൂടിയ പാതയോരങ്ങളില്‍
കൂട്ടിനെത്തിയ കൂര്‍ത്ത നിശ്ശബ്ദത
കൊണ്ടു കീറി, ഭയപ്പെട്ടു മാനസം..

ഏകാന്തത ഏറി നിന്നിടും യാത്രയില്‍
കൂട്ടിനെത്തുമോ മാടനും മറുതയും
യാതനകള്‍ ഉറക്കെ പറഞ്ഞിടില്‍
പാലവിട്ട് പറന്നെത്തുമോ യക്ഷികള്‍..

എന്റെ ചിന്തകള്‍ വ്യത്യസ്തമാകവേ
പുഞ്ചിരിച്ചങ്ങു ദൂരെ നോക്കീടവേ
നെറ്റിയില്‍ നിറം ചോപ്പിച്ചു മിന്നുന്ന
വെട്ടമേറി അടുത്തെത്തി വാഹനം..

ദേഹം ഒട്ടി നിറുത്തി പൊടുന്നനെ
ചാരെയെത്തീ കാക്കിയില്‍ ചാലിച്ച
കട്ടിവസ്ത്രം പൊതിഞ്ഞ രണ്ടാളുകള്‍
കേരള സര്‍ക്കാരിന്റെ കാവല്‍ മാലാഖമാര്‍..

കട്ടി ചോരാതെ ചൊല്ലിടുന്നതോ, കര്‍ണം
പൊത്തിടും പോല്‍ പുലഭ്യ സ്വരങ്ങളും
ഞെട്ടിയെന്തോ ചൊല്ലാന്‍ ശ്രമിക്കവേ
തള്ളി എന്നെയും ജീപ്പിന്റെ ഉള്ളിലായ്‌..

കട്ടി കൂടിയോരീ നിശ ഭേദിച്ച്
സഞ്ചരിക്കുവോര്‍ ഞങ്ങളും പ്രേതങ്ങളും
മൂന്നാമതായ് വേണ്ടൊരാളെന്നു
ആഞ്ഞു ചൊല്ലി വലിച്ചൂ സിഗരെട്ടവര്‍..

അല്പം അടുത്തുള്ള കാവല്‍ നിലയത്തില്‍
എത്തി എന്നെയും തള്ളി അവിടേക്ക്
പിറ്റേന്ന് പകലാകുവോളം ആ മൂലയ്ക്ക്
സ്വസ്ഥമായിട്ടിരിക്കുവാന്‍ കല്പന..

നീണ്ടുനിന്ന നിശ്ശബ്ദത ഭേദിച്ച്
ചാരെയെതോ യക്ഷിതന്‍ പുഞ്ചിരി
നീരു തങ്ങിയ കണ്ണുതുടച്ചു ഞാന്‍
കൂടെയാരെന്നറിയാന്‍ പരതവേ
ദൂരെയുള്ളൊരു ലോക്കപ്പിനുള്ളിലോ
സ്വവര്‍ഗഭോഗിയാം ചാത്തന്‍ ചിരിക്കുന്നു..!


(26/06/09)

Jun 6, 2009

മരണത്തിലേക്ക് മാത്രം..!



ഭ്രാന്തന്‍ സ്വപ്‌നങ്ങള്‍ അലഞ്ഞ കടത്തിണ്ണയില്‍ വിശപ്പിനു നിത്യവും കൂട്ടുനിന്നവര്‍... വ്യഭിചാരം നല്‍കിയ ശൈശവക്കൂട്ടത്തിനു മാതൃത്തം രസിച്ചു മുലകൊടുക്കുന്നവര്‍.. ഇരുട്ടിന്റെ ശക്തിയില്‍ മയങ്ങും മിഴികളില്‍ ഇരതേടി അലയുന്ന തെരുവ് നായ്ക്കള്‍.. ഇവിയൊക്കെ ഞെട്ടുന്ന പോലൊരു മിന്നല്‍ വീണ് ആകാശഭൂതങ്ങള്‍ പുഞ്ചിരിച്ചു.. ആ ഞൊടി വെട്ടത്തില്‍ അല്പം ദൂരെയായ്‌ പരിചയമില്ലാത്ത വൃദ്ധരൂപം.. ദേഹത്ത് പൊഴിയുന്ന മഴത്തുള്ളികള്‍ കൈകളാല്‍ ധൃതിയില്‍ തുടച്ചുമാറ്റി.. സ്വന്തം ഒളിക്കുവാന്‍ ഏതു കടത്തിണ്ണ എന്ന പരിഭ്രമം വിടരുന്ന കണ്ണുകള്‍.. നാടോടിക്കൂട്ടങ്ങള്‍ കയ്യോങ്ങി ചൊല്ലിയ പുലഭ്യങ്ങള്‍ കേട്ട് കലങ്ങിയേക്കാം.. ഒറ്റയാനായതും, ഒറ്റപ്പെടലുകള്‍ നല്‍കിയ കാലപ്രവാഹവും, ഓര്‍ത്തുപോയ്‌ ഒഴുകിയ കണ്ണുനീര്‍ചാലിന്റെ ഉടയോന്‍.. മരണത്തിലേക്ക് മാത്രം ജീവിക്കുന്നവന്‍..
മണ്ണില്‍ കുത്തിചിതറിയ മഴത്തുള്ളികള്‍.. തെങ്ങിന്റെ തലയരിഞ്ഞു ചിരിച്ച മിന്നല്‍പിണറുകള്‍.. രാത്രിക്ക് കനംകൂട്ടി ചിലച്ച ചീവിടും തവളയും.. പിന്നെപ്പോഴോ അവസാന മഴത്തുള്ളിയുടെ നിശബ്ദ സംഗീതം..പിറ്റേന്ന് പുലരിയില്‍ കടമുറികള്‍ക്ക് അകലെ, കളകേറി മൂടിയ വയലിന്റെ ഓരത്ത്‌, നീളന്‍ മുടിയും മണ്ണും തറയില്‍ കുതിര്‍ന്ന് ഒട്ടിയ ദേഹം.. ചലനം നിലച്ച കണ്ണുകളുടെ ആഴം അളന്ന് ഉറുമ്പിന്‍ പറ്റങ്ങള്‍.. മഴയില്‍ കുതിര്‍ന്ന വസ്ത്രങ്ങളില്‍ തെരുവുനായ്ക്കളുടെ പല്ലിന്റെ മൂര്‍ച്ച.. വളര്‍ന്നു പടര്‍ന്ന കളകള്‍ക്ക് കൂട്ടായി ആ രൂപം നിശ്ചലമായി കിടന്നു.. ആരെയും ദുഖിപ്പിക്കാതെ.. ഒരു കണ്ണും ഈറനാക്കാതെ.. മരണത്തിലേക്ക് മാത്രം ജീവിച്ചവന്‍..!

(05/06/09)