May 22, 2009

കല്ലെറിഞ്ഞിട്ട ചക്രവാളങ്ങള്‍അവന്‍ ആര്‍ത്തു ചിരിച്ചുകൊണ്ട് പറഞ്ഞു, അകലെ; 
താഴേക്കു വീണു കിടക്കുന്ന ചക്രവാളങ്ങള്‍ 
താന്‍ കല്ലെറിഞ്ഞ് ഇട്ടതാണ് എന്ന്.. 
അകത്തേക്ക് വലിഞ്ഞ നാവും  
പോഴിഞ്ഞതില്‍ ബാക്കിയായ പല്ലുമായി  
അവന്‍ അലറി ചിരിച്ചു... 
കയ്യില്‍ ഉണങ്ങി വളഞ്ഞ കമ്പും 
തോളില്‍ മുഷിഞ്ഞ ഭാണ്ടവും... 
വഴിയിലെ കല്ലുകളില്‍ ആഞ്ഞു തട്ടി 
ചോരപോടിഞ്ഞ കാലുകള്‍ 
വലതു കയ്യില്‍ തഴമ്പ് പൊട്ടിയ വൃണം 
വീണ്ടും ചക്രവാളങ്ങള്‍ ചൂണ്ടി അവന്‍ പറഞ്ഞു 
അത് താന്‍ എറിഞ്ഞിട്ടതാണ് എന്ന്... 
തെരുവ് നായ്ക്കളെ വകഞ്ഞ് മാറ്റി 
അവന്‍ നേടിയ വാഴയില 
കുഴഞ്ഞു പറ്റിയ അവശിഷ്ടങ്ങളില്‍ 
ഒഴുകി ഇറങ്ങിയ ഉമിനീര്‍ തുള്ളികള്‍... 
ദയനീയത പരുവപ്പെടുത്തിയ നോട്ടങ്ങളെ കണ്ട്  
വികൃതമായി ചിരിച്ചു കൊണ്ട് അവന്‍ പറഞ്ഞു 
ചക്രവാളങ്ങള്‍ താന്‍ എറിഞ്ഞിട്ടതാണ് എന്ന്... 
തോളിലേക്ക് വളര്‍ന്നു വികൃതമായ 
ചെമ്പന്‍മുടി ചുരുളുകളില്‍ 
വിശ്രമത്തില്‍ പറ്റിയ കരിയിലബാക്കി... 
മുടിക്കെട്ട്‌ വിടര്‍ത്തിയ കൈവിരല്‍ തുമ്പില്‍ 
കറുത്ത കീടങ്ങള്‍ ഓടിമറയുന്നു 
പൊരുത്തക്കേടുകള്‍ പതിഞ്ഞ് 
ഒട്ടിയ നെഞ്ചിലെ രോമങ്ങളില്‍ 
പകുതി വറ്റിയ സ്പന്ദന താളങ്ങള്‍... 
അകലേക്ക് കൈചൂണ്ടി വീണ്ടും 
എറിഞ്ഞിട്ട ചക്രവാളങ്ങളെ പറ്റി പറയവേ 
പെട്ടെന്ന് മുഖത്ത് വീണൂ, ചോര ചീന്തി 
സമൂഹത്തിന്റെ പ്രതികരണങ്ങള്‍... 
ആര്‍ദ്രത വറ്റാത്ത കണ്ണുകള്‍ പലരെയും 
മാറിനോക്കി, തെറ്റെന്തെന്ന് അറിയാന്‍ 
പിന്നെ ചിരിച്ചു.. ആര്‍ത്ത്.. അലറി... വികൃതമായി 
എന്നിട്ട്, അവന്‍ കല്ലെറിഞ്ഞിട്ട 
താഴേക്കു വീണുകിടന്ന 
ചക്രവാളങ്ങളിലേക്ക് നടന്നുപോയി..!

(22/05/09)

May 17, 2009

സ്വര്‍ഗത്തില്‍പ്രതീക്ഷിക്കാതെ വന്നു ചേരുന്ന സൗഭാഗ്യങ്ങളെ നമുക്ക് സ്വര്‍ഗം എന്ന് വിളിക്കാം.. പാറകളില്‍ തട്ടി പാടി വരുന്ന തണുത്ത അരുവിയിലെ വെള്ളം തെറ്റി അവള്‍ മുഖത്ത് ഒഴിക്കുമ്പോള്‍.. ആര്‍ദ്രമായ മുഖത്തെ കുളിരണിയിച്ച് ഒരു ചെറിയ കാറ്റ് കടന്നു പോവുമ്പോള്‍.. ഹൃദയ സ്പന്ദനങ്ങളുടെ വേഗം കൂട്ടി അവളുടെ വാക്കുകള്‍ ചെവിയില്‍ തട്ടി കയറുമ്പോള്‍.. അവളുടെ മുടിയിഴകള്‍ പറത്തിയ കാറ്റിനെ നന്ദിയോടെ സ്മരിച്ച് വിരലുകള്‍ കൊണ്ട് അത് ഒതുക്കി വെക്കുമ്പോള്‍.. ചെറിയ പിണക്കത്തില്‍ മാറിയോരാ മുഖത്ത് നോക്കി സ്നേഹത്തോടെ കളിയാക്കുമ്പോള്‍.. അപ്പോഴൊക്കെ നമ്മള്‍ സ്വര്‍ഗത്തില്‍ ആണെന്ന് പറയാം... 
വിഷാദത്തില്‍ മൂടിയ മുഖവുമായി അവള്‍ യാത്രയാവുമ്പോള്‍.. കൈകളില്‍ നിന്നും ഉതിര്‍ന്നു പോയ കൈകള്‍ കാട്ടി അവള്‍ ദൂരേക്ക്‌ മായുമ്പോള്‍.. വീണ്ടും ഓര്‍മകളുടെ ചെപ്പ് തുറന്ന് നീറുന്ന വേദനയുടെ മുത്തുകള്‍ എണ്ണി, എകാന്തതക്ക്‌ കൂട്ടിരിക്കുമ്പോള്‍.. നെഞ്ചകം വിങ്ങുന്ന വിഷാദത്തിന്റെ നൊമ്പരം അറിഞ്ഞ് കണ്പീലികള്‍ ഈറനണിയുമ്പോള്‍.. അപ്പോഴൊക്കെ നമ്മള്‍ സ്വര്‍ഗത്തില്‍ നിന്ന് യാത്രയാവുകയാണ്...!

(23/02/2004)

May 7, 2009

പാതിവ്രത്യം..!


ആര്‍ദ്രമാവാത്ത വികാരസിരകള്‍ പുത്രദുഖത്തിന്റെ കണ്ണുനീരില്‍ നനച്ച് അശാന്തമായ വിവാഹജീവിതം നയിക്കുന്നവള്‍.. പ്രതീക്ഷയുടെ കോശങ്ങളില്‍ വളര്‍ച്ചയുടെ ബീജങ്ങളെയ്യാതെ നിര്‍വികാരനായി നിലനില്‍ക്കുന്ന ഭര്‍തൃരൂപത്തിനൊപ്പം വര്‍ഷങ്ങളായി കഴിയുന്നവള്‍.. പതിക്കൊപ്പം ശയിക്കുമ്പോഴും, ഏകാന്തത തിങ്ങിയ രാത്രികളില്‍ ജനല്പാളികള്‍ക്ക് അപ്പുറം നിലാവെളിച്ചത്തില്‍ നീലിച്ച മരച്ചില്ലകള്‍ക്ക് അരികില്‍ പലപ്പോഴും, മറന്നിട്ടും മറയാത്ത രൂപമായി അവനെ കാണാറുണ്ട്... അവന്‍.., പ്രണയത്തിന്...വികാരങ്ങള്‍ക്ക്..പല വ്യതിയാനങ്ങള്‍ ഉണ്ടെന്നു മനസിലാക്കിതന്നവന്‍.. ജീവിതത്തിനു നിറങ്ങള്‍ ഉണ്ടെന്നും ശരീരത്തിന് പുഷ്പിക്കാന്‍ കഴിയുമെന്നും പറഞ്ഞുതന്നവന്‍.. എന്റെ ഇടനെഞ്ചില്‍ കോരിയിട്ട കനലുകള്‍ ചുംബനത്താല്‍ തണുപ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ വിഷാദത്തോടെ യാത്ര പറഞ്ഞു പിരിഞ്ഞവന്‍..ആ കനലുകള്‍ ഇന്ന് ആഗ്രഹത്തിന്റെ ചിറകുവച്ച ശലഭങ്ങളായും പ്രതീക്ഷയുടെ മുളപൊട്ടിയ തളിരുകളായും മനസ്സില്‍ തന്നെ തുടരുന്നു..
നിലാവിന്റെ കള്ളനോട്ടങ്ങളെ വര്‍ഷമേഘങ്ങള്‍ മറയ്ക്കുന്ന ഒരു രാത്രിയില്‍, നേര്‍ത്ത കുളിര്‍കാറ്റില്‍ അലിഞ്ഞ് അവന്‍ വരും.. മരവിച്ചുപോയ വികാരസിരകളില്‍ ഒരു കുളിര്‍മഴയായി അവന്‍ പെയ്തിറങ്ങും.. മാതൃമോഹങ്ങളുടെ നീര്‍ത്തടങ്ങളിലേക്ക് ആദ്യമായി ഒരു ഉറവപൊട്ടും.. നിറവയറും തെളിഞ്ഞ മനസുമായി ദിവസങ്ങള്‍ എന്നെ ഒരു മാതൃത്തത്തിലേക്ക് കൊണ്ട്പോവും.. പലദിവസങ്ങളിലും ഇത്തരം സ്വപ്നങ്ങളുമായി, നിലാവുമായുമ്പോള്‍ എപ്പോഴോ ഞാന്‍ നിദ്രയിലേക്ക് മടങ്ങും.. പ്രഭാതത്തില്‍ ആലസ്യമില്ലാതെ ഭര്‍ത്താവിനു മുന്‍പേ ഉണരുകയും ചെയ്യും.. തീര്‍ത്തും പതിവ്രതയായി തന്നെ..!

(05/05/09)