Feb 24, 2009

ചപലം; മോഹങ്ങള്‍



ആ കാലമെങ്ങോ കടന്നുപോയി 
നിനവിന്‍റെ നീര്‍ച്ചാലു മാഞ്ഞുപോയി 
സ്വപ്‌നങ്ങള്‍ നല്‍കി വളര്‍ത്തിയെടുത്തോരെന്‍  
ചെമ്പകത്തൈ വാടി വീണുപോയി..  

ഓര്‍മകളൊക്കെ കൊഴിഞ്ഞു പോയി 
ആത്മാവും ഏകാന്തമായി മാറി 
കാലം ഏല്‍പിച്ച ദുഖമാം ഭാണ്ടവുമായ്‌ 
യാത്ര പോവുന്നോരേകാകി ആണിന്നുഞാന്‍..  

എവിടെയെന്‍ ചപലമാം മോഹങ്ങള്‍; ഇവിടെയീ  
രണഭൂവില്‍ എന്നെയും എത്തിച്ച സത്യങ്ങള്‍ 
അവപരതി ഞാനെന്‍റെ അന്തരാളങ്ങളില്‍  
അവപരതി ഞാനെന്‍റെ ആത്മാവിനുള്ളിലും..  

ഒടുവില്‍ ഞാന്‍ കണ്ടങ്ങു ദൂരെ; മഴക്കാറു 
മൂടിയോരാകാശസീമതന്‍ അരികിലായ് 
ആ ചപലമോഹങ്ങള്‍; പോവുന്നു വീണ്ടുമൊരു 
പുത്തന്‍ പ്രഭാതവും ഹൃദയവും മോഹിച്ച്...!

(14/03/05)

Feb 16, 2009

ഒരു കുറ്റകൃത്യം..!


ചലിക്കാന്‍ കൊതിക്കുന്ന കൈകളും ആവിഷ്കരിക്കാന്‍ കൊതിക്കുന്ന മനസും മഷി നിറയ്ക്കപ്പെട്ട പേനയുമാണ്‌ ഈ കുറ്റകൃത്യത്തിന്റെ കാരണക്കാര്‍. പ്രകടമായ ചാപല്യങ്ങളില്‍ സ്വയം ഹോമിക്കപ്പെടുന്ന ആഗ്രഹങ്ങള്‍ നിര്‍വികാരമാക്കിയ മോഹങ്ങളുടെ വേലിയേറ്റങ്ങള്‍ കണ്ട് ഞാനിരുന്ന കടല്‍ത്തീരം മൂടിപ്പോയ തിരകള്‍ എന്തുകൊണ്ട് എന്നെ ഒഴുക്കി കളഞ്ഞില്ല.. പ്രപഞ്ചത്തിന്റെ സൗന്ദര്യത്തില്‍ ഞാന്‍ കണ്ട ദയാദാക്ഷിണ്യങ്ങളില്‍ നിറഞ്ഞു തൂവിയ എന്റെ കണ്ണുനീരിന്റെ ചൂടിന് എന്തുകൊണ്ട് എന്നെ ഉരുക്കി കളയാന്‍ കഴിഞ്ഞില്ല.. ശുഭാപ്തി വിശ്വാസമില്ലാതെ ഞാന്‍ വെച്ച ചുവടുകളില്‍ തട്ടി മാറിയ എന്റെ പാദങ്ങള്‍ എന്തുകൊണ്ട് എന്നെയൊരു ഗര്‍ത്തത്തിലേക്ക് തള്ളിയിട്ടില്ല.. എനിക്കു പാട്ട് പാടിയ കിളികളെ വിരട്ടിയോടിച്ച കഴുകന്‍, രൂക്ഷതയോടെ നോക്കിയ എന്റെ കണ്ണുകള്‍ എന്തുകൊണ്ട് ചൂഴ്ന്നെടുത്തില്ല.. മിനക്കെട്ടു ഞാന്‍ നേടിയ എന്റെ സ്വപ്ന സാക്ഷാത്കാരത്തിന്റെ കളിക്കോപ്പുകള്‍ ഞാനൊരു കൊച്ചു കുട്ടിക്ക് കളിയ്ക്കാന്‍ കൊടുക്കട്ടെ.. തീരത്തടിഞ്ഞ ചെളിമണ്ണില്‍ പുതഞ്ഞു പോയ എന്റെ മോഹത്തിന്റെ നങ്കൂരം ഞാന്‍ കടലിലേക്ക്‌ വലിച്ചെറിയട്ടെ.. ഓര്‍മകളുടെ പളുങ്ക് പാത്രങ്ങളില്‍ വെള്ളം പകര്‍ന്നു ഞാന്‍ വളര്‍ത്തിയ പനിനീര്‍ ചെടികളിലെ പൂക്കളില്‍ പറ്റുന്ന ചിത്രശലഭങ്ങളെ  ഇനിയെങ്കിലും പറത്തിക്കളയാതിരിക്കട്ടെ.. നൈമിഷികമായി ജീവിതത്തില്‍ നിറയ്ക്കാന്‍ കൊതിച്ച ഒരുപാട് മോഹങ്ങളെ വഴിയിലുപേക്ഷിച്ച്  ഞാനെന്റെ യാത്ര തുടരട്ടെ.. എന്റെ കൈകള്‍ സ്വതന്ത്രമാണ്, മനസും.. കാലടികള്‍ തളരുന്നിടത്തു കിടന്നുറങ്ങി, എന്നെ കണ്ടു ചിരിക്കുന്നവര്‍ക്ക് മുഖം കൊടുക്കാതെ, സൂര്യന്റെ പ്രകാശം ഭക്ഷിച്ച്‌ എത്ര ദൂരം എനിക്കു പോവാനാവും.. ഒരിയ്ക്കല്‍, എന്റെ ജീര്‍ണിച്ച കോശങ്ങളെ മറവുചെയ്യാന്‍ ആരും തമ്മില്‍ കലഹിക്കാതിരിക്കട്ടെ.. അവരെ കുറ്റംപറഞ്ഞ് മാറിനില്‍ക്കുന്നവര്‍ പോലും ഈ ഭൂമിയുടെ മാറ്റങ്ങളില്‍ അതിനൊപ്പം നടന്ന്, പലതും മറന്നു കെട്ടിയുണ്ടാക്കിയ സമ്പാദ്യങ്ങള്‍ പൂഴ്ത്തി, മനസിന്‌ വേലികെട്ടി, സമുദായശക്തി വര്‍ണിച്ചു പുനരാവിഷ്കരിച്ച ഈ നാട്ടില്‍ എനിക്കു കൂട്ടിനു ഞാന്‍ മാത്രം മതി, എന്റെ മനസും.. എന്റെ യാത്രക്കിടയില്‍ ഞാനൊരാളെ കണ്ടെത്തുമോ.. ചിന്താഗതികള്‍ ഒന്നായ.. ഈ ലോകം ഒന്നാണെന്ന് കണ്ട.. രണ്ടാമതൊരാള്‍....???

(20/12/2003)


കൂടെ ഞാനും..!


ആകാശനീലിമ തൊടാന്‍ 
ആശയോടെ ഞാന്‍ വീശിയ ചിറകില്‍
ഒളിവില്ലെയ്ത് അന്നൊരു നാളില്‍
നേടിയതാണ് എന്‍ ഹൃദയം നീ..

വീണന്നേതൊരു പുഴയരികില്‍
ദാഹജലം കേണന്നിമകള്‍ പരതി
പൂവിതള്‍ കൈയില്‍ ജലം തൂവി
നേടിയെടുത്തെന്‍ ജീവനും നീ..

ചുടുമണല്‍ നിറയുന്ന പാതയില്‍
പാദങ്ങള്‍ ഇടറിഞാന്‍ നീങ്ങവേ
എന്‍കരം പിടിച്ച് ഒപ്പം നടന്നു
മാറ്റിയെടുത്തെന്‍ ലകഷ്യവും നീ..!

(12/10/2005)


Feb 10, 2009

സ്വപ്നത്തില്‍




നിലാവിന്റെ നിറവും ആകാശത്തിന്റെ അഴകുമായി 
എന്റെ ഏകാന്തതയിലേക്ക് ഒഴുകിയെത്തി,
പ്രണയത്തിന്റെ ചുടുനിശ്വാസങ്ങളില്‍ തകര്‍ന്ന 
എന്റെ നെടുവീര്‍പ്പുകള്‍ കണ്ടു പൊട്ടിച്ചിരിച്ച്, 
ഇളം കാറ്റിനു കൂട്ടായി ഉതിര്‍ത്തു വിട്ട 
ദാവണിത്തുമ്പ്‌ എന്റെ മുഖത്തുരച്ച്
സ്വപ്നങ്ങള്‍ക്ക് നിറവും സുഗന്ധവും നല്‍കി 
ഓര്‍മിക്കുവാന്‍ ഒരായിരം ഏകാന്തതകള്‍ 
വീണ്ടും എനിക്കു തന്ന്... 
എങ്ങോട്ടോ പോയ ഒരു സ്വപ്നത്തില്‍... 
ഞാന്‍ വീണ്ടും ഒറ്റയ്ക്കായി..!

(25/02/2005)


എവിടെയാണ്..!

എവിടെയാണ് എന്റെ സ്നേഹം
എവിടെയാണ് എന്റെ മോഹം
എവിടെയാണ് എന്റെ ത്യാഗം 
എവിടെയാണ് എന്റെ നന്മ
എവിടെയാണ് എന്റെ ഹൃദയം
എവിടെയാണ് എന്റെ സ്വപ്നം
എവിടെയാണ് എന്റെ ദയ
എവിടെയാണ് എന്റെ കാരുണ്യം
എവിടെയാണ് എന്റെ സഹതാപം
എവിടെയാണ് എന്റെ വിനയം
എവിടെയാണ് എന്റെ ദുഃഖം
എവിടെയാണ് എന്റെ പ്രതീക്ഷ

അവിടെയൊക്കെയാണ് ഞാനും...!


(09/08/2003)

Feb 9, 2009

അവള്‍ ഹിമ ..!


അനന്തയാമങ്ങള്‍ ശ്രുതിമീട്ടിയ യാത്രക്കിടയില്‍ ഒടുവില്‍ ഞാനവളെ കണ്ടു...! സ്വരലയങ്ങളുടെ ഉയര്‍ച്ച താഴ്ചയില്‍ മനസ്സില്‍ താഴ്വേര് ഉറപ്പിച്ച ഒരു വൃക്ഷം പോലെ അവള്‍ എന്റെ മുന്നില്‍ വന്നു.. മധുരഗീതങ്ങളുടെ സ്പന്ദമായയില്‍ നിന്ന് വിട്ടു ശൂന്യതയുടെ തീക്ഷ്ണമായ മ്ലാനത ഞാനാ മുഖത്ത് വായിച്ചു.. എങ്കിലും.. എങ്കിലും എനിക്കു ഒന്നും പറയുവാനായില്ല.. വളരെ ബുദ്ധിമുട്ടിയെങ്കിലും, ശൂന്യതയകറ്റാന്‍ മാത്രം, സത്യത്തിന്റെ ദുഃഖഭാരങ്ങള്‍ ഒളിപ്പിച്ചുവെച്ച ഒരു ചിരി അവള്‍ എനിക്കു തന്നു.. എത്രയോ അധികമായിരുന്നു പറയുവാനുള്ളത്‌.. 
വിഹ്വലമായ മധ്യാനത്തിന്റെ ചൂടുള്ള കിരണങ്ങളില്‍ പരതിവന്ന ഉയര്‍ന്ന ശബ്ദത്തില്‍ മുന്നിലേക്ക് ചലിച്ച തീവണ്ടിയിലേക്ക് ഞാന്‍ ഓടി കയറുമ്പോള്‍.. 
യാത്രയാവുകയും യാത്രയാക്കുകയും; അവര്‍ തമ്മിലും ഉള്ള എത്രയോ ദുഃഖങ്ങള്‍ അല്പം കൂടി ഈറനായി നില്‍ക്കുന്നു.. യാത്രകള്‍ ഇനിയുമുടാവും സന്തോഷത്തിന്റെ യാത്രയയപ്പുകളും.. കാത്തിരിക്കാം..!

(04/11/2004)

യാത്രകള്‍..!



അകലങ്ങളിലാണ് ലക്‌ഷ്യം.. സൗഭാഗ്യങ്ങള്‍ തന്ന് നമ്മെ ദൂരേക്ക്‌ യാത്രയാക്കിയ ഒരു കാലഘട്ടത്തിന്‍റെ വിദൂര സ്മരണകളില്‍ ഇനിയും യാത്ര തുടരുക തന്നെ ചെയ്യണം.. പോയകാല സ്മൃതികള്‍ അയവിറക്കി ഇല്ലാതായ ഒരുപിടി നാളുകള്‍ കണ്മുന്നില്‍ കാണുമ്പോഴും പുതിയ മോഹങ്ങളും പ്രതീക്ഷകളും യാത്ര തുടരാന്‍ പ്രേരിപ്പിക്കുന്നു എന്നുമാത്രം..
വിദൂരതയില്‍ കണ്ട സ്വപ്ന സൗഭാഗ്യങ്ങളുടെ പളുങ്കുപാത്രങ്ങള്‍ പോട്ടിയുടഞ്ഞു പോയ എത്രയെത്ര വഴിയോരങ്ങളില്‍ നമ്മള്‍ ഒറ്റക്കായിപ്പോയിട്ടുണ്ട്..
പെയ്യുവാന്‍ ഒരുങ്ങിനിന്ന പുലര്‍കാലത്തെ സുന്ദരമായ ചാറ്റല്‍മഴത്തുള്ളികള്‍ എത്രയോ തവണ നമ്മളെ പറ്റിച്ചു കടന്നുപോയി.. ഇനിയും പരിഭവങ്ങളും പരാതികളും എവിടെയും കണ്ടില്ല.. വഴിയാത്രയില്‍ ഏതോ അപരിചിതമുഖങ്ങള്‍ നല്‍കിയ പുഞ്ചിരിയുടെ ഊര്‍ജം ഉള്‍ക്കൊണ്ട് ഇനിയും വിദൂരത ലക്‌ഷ്യം ആക്കി യാത്ര തുടരാം... 
പ്രണയാതുരമായ നല്ലകാലത്തിന്റെ നേര്‍ത്തമഴത്തുള്ളികള്‍ തൂവി ആ പുലര്‍കാലമഴ പെയ്യുന്ന വഴിയോരങ്ങള്‍ കാത്ത്...!

(02/08/2007)


Feb 2, 2009

മുനവച്ച വാക്ക്..!

വാക്കുകള്‍ക്കു മൂര്‍ച്ചയില്ല..
ഞാന്‍ നിഘണ്ടുവില്‍ പരതി..
കിട്ടിയവ കടിച്ചുചളുക്കി..
തറയിലിട്ടുരച്ചു.. ചവിട്ടി വളച്ചു..
മുനരാകിവച്ചു..!
എന്നിട്ട് അത് അവള്‍ക്കു നേരേയെറിഞ്ഞു..
നോട്ടത്തിന്‍റെ തീക്ഷ്ണതയില്‍ 
വക്കൊടിഞ്ഞ വാക്കും ചവിട്ടി 
അവള്‍ ദൂരേക്ക്‌ നടന്നു പോയി...!

(05/01/2009)

ഗാസാ പൂക്കള്‍



കരിയുവാന്‍ മാംസമില്ലാത്തിടത്തു 
പൊരുതുവാന്‍ കാത്തുനിന്നവര്‍ 
വെടിയൊച്ച കേട്ടപ്പോഴും
മണത്തത് പിച്ചിപ്പൂവിന്‍റെ ഗന്ധം..

കൊഴിയുവാന്‍ ഒട്ടും ഇല്ലാത്ത ഇലകളില്‍
പരതി, സ്നിഗ്ദ്ധമാം ജീവന്‍ ഉറുമ്പുകള്‍..
പതിയെ വന്നോരു വലിയ കാറ്റേറ്റു
പതിയുമായവള്‍ കൊഴിയുന്നു ദൂരേക്ക്‌...

ഇരകളാണ് അവരെന്ന് ചൊല്ലി
പൊരുതി പൊളിച്ചത് എന്‍റെയീ പൂന്തോട്ടം.. 
കൊഴിയുവാനില്ല പൂക്കളെങ്കിലും 
ചെടി കരിഞ്ഞമരുന്നു പിന്നെയും...

പൊലിഞ്ഞു മണ്ണില്‍ പുതഞ്ഞ പൂമൊട്ടും
വിടര്‍ന്നിടും നാളെ മറ്റെവിടെയെങ്കിലും 
പറഞ്ഞു നീ നീട്ടി ; ഞാന്‍ ശ്വസിക്കവേ
പതിഞ്ഞ പിച്ചിപ്പൂവിന്‍റെ പരിമളം...!

(22/01/2009)