Feb 16, 2009

ഒരു കുറ്റകൃത്യം..!


ചലിക്കാന്‍ കൊതിക്കുന്ന കൈകളും ആവിഷ്കരിക്കാന്‍ കൊതിക്കുന്ന മനസും മഷി നിറയ്ക്കപ്പെട്ട പേനയുമാണ്‌ ഈ കുറ്റകൃത്യത്തിന്റെ കാരണക്കാര്‍. പ്രകടമായ ചാപല്യങ്ങളില്‍ സ്വയം ഹോമിക്കപ്പെടുന്ന ആഗ്രഹങ്ങള്‍ നിര്‍വികാരമാക്കിയ മോഹങ്ങളുടെ വേലിയേറ്റങ്ങള്‍ കണ്ട് ഞാനിരുന്ന കടല്‍ത്തീരം മൂടിപ്പോയ തിരകള്‍ എന്തുകൊണ്ട് എന്നെ ഒഴുക്കി കളഞ്ഞില്ല.. പ്രപഞ്ചത്തിന്റെ സൗന്ദര്യത്തില്‍ ഞാന്‍ കണ്ട ദയാദാക്ഷിണ്യങ്ങളില്‍ നിറഞ്ഞു തൂവിയ എന്റെ കണ്ണുനീരിന്റെ ചൂടിന് എന്തുകൊണ്ട് എന്നെ ഉരുക്കി കളയാന്‍ കഴിഞ്ഞില്ല.. ശുഭാപ്തി വിശ്വാസമില്ലാതെ ഞാന്‍ വെച്ച ചുവടുകളില്‍ തട്ടി മാറിയ എന്റെ പാദങ്ങള്‍ എന്തുകൊണ്ട് എന്നെയൊരു ഗര്‍ത്തത്തിലേക്ക് തള്ളിയിട്ടില്ല.. എനിക്കു പാട്ട് പാടിയ കിളികളെ വിരട്ടിയോടിച്ച കഴുകന്‍, രൂക്ഷതയോടെ നോക്കിയ എന്റെ കണ്ണുകള്‍ എന്തുകൊണ്ട് ചൂഴ്ന്നെടുത്തില്ല.. മിനക്കെട്ടു ഞാന്‍ നേടിയ എന്റെ സ്വപ്ന സാക്ഷാത്കാരത്തിന്റെ കളിക്കോപ്പുകള്‍ ഞാനൊരു കൊച്ചു കുട്ടിക്ക് കളിയ്ക്കാന്‍ കൊടുക്കട്ടെ.. തീരത്തടിഞ്ഞ ചെളിമണ്ണില്‍ പുതഞ്ഞു പോയ എന്റെ മോഹത്തിന്റെ നങ്കൂരം ഞാന്‍ കടലിലേക്ക്‌ വലിച്ചെറിയട്ടെ.. ഓര്‍മകളുടെ പളുങ്ക് പാത്രങ്ങളില്‍ വെള്ളം പകര്‍ന്നു ഞാന്‍ വളര്‍ത്തിയ പനിനീര്‍ ചെടികളിലെ പൂക്കളില്‍ പറ്റുന്ന ചിത്രശലഭങ്ങളെ  ഇനിയെങ്കിലും പറത്തിക്കളയാതിരിക്കട്ടെ.. നൈമിഷികമായി ജീവിതത്തില്‍ നിറയ്ക്കാന്‍ കൊതിച്ച ഒരുപാട് മോഹങ്ങളെ വഴിയിലുപേക്ഷിച്ച്  ഞാനെന്റെ യാത്ര തുടരട്ടെ.. എന്റെ കൈകള്‍ സ്വതന്ത്രമാണ്, മനസും.. കാലടികള്‍ തളരുന്നിടത്തു കിടന്നുറങ്ങി, എന്നെ കണ്ടു ചിരിക്കുന്നവര്‍ക്ക് മുഖം കൊടുക്കാതെ, സൂര്യന്റെ പ്രകാശം ഭക്ഷിച്ച്‌ എത്ര ദൂരം എനിക്കു പോവാനാവും.. ഒരിയ്ക്കല്‍, എന്റെ ജീര്‍ണിച്ച കോശങ്ങളെ മറവുചെയ്യാന്‍ ആരും തമ്മില്‍ കലഹിക്കാതിരിക്കട്ടെ.. അവരെ കുറ്റംപറഞ്ഞ് മാറിനില്‍ക്കുന്നവര്‍ പോലും ഈ ഭൂമിയുടെ മാറ്റങ്ങളില്‍ അതിനൊപ്പം നടന്ന്, പലതും മറന്നു കെട്ടിയുണ്ടാക്കിയ സമ്പാദ്യങ്ങള്‍ പൂഴ്ത്തി, മനസിന്‌ വേലികെട്ടി, സമുദായശക്തി വര്‍ണിച്ചു പുനരാവിഷ്കരിച്ച ഈ നാട്ടില്‍ എനിക്കു കൂട്ടിനു ഞാന്‍ മാത്രം മതി, എന്റെ മനസും.. എന്റെ യാത്രക്കിടയില്‍ ഞാനൊരാളെ കണ്ടെത്തുമോ.. ചിന്താഗതികള്‍ ഒന്നായ.. ഈ ലോകം ഒന്നാണെന്ന് കണ്ട.. രണ്ടാമതൊരാള്‍....???

(20/12/2003)


4 comments:

 1. ചിന്താഗതികള്‍ ഒന്നായ.. ഈ ലോകം ഒന്നാണെന്ന് കണ്ട.. രണ്ടാമതൊരാള്‍....???

  ReplyDelete
 2. ആ സ്വപ്നസാഷാല്‍ക്കാരത്തിന്റെ കളിക്കോപ്പുകള്‍ ഒരിക്കലും കുട്ടി തിരിച്ച് തരില്ലാ...മാനം കാണാതെസൂക്ഷിച്ച മയില്‍ പീലി പോലെ പ്രിയ്യപ്പെട്ടതായിരിക്കും അതും...

  ReplyDelete
 3. സ്വപ്നങ്ങളും മോഹങ്ങളും കളിക്കോപ്പുകളും കൊടുത്തതുപോലെ മനസ്സും മന:സാക്ഷിയുമാര്‍ക്കും കൊടുക്കാതെ കാത്തുവയ്ക്കുക.....ഒരിയ്ക്കലൊരാള്‍ വരും......ചിന്താഗതികള്‍ മാത്രമല്ല മനസ്സുമറിയുന്നൊരാള്‍......

  നല്ല എഴുത്ത്‌......ആശംസകള്‍...

  ReplyDelete
 4. ഈ ലോകം ഒന്നാണെന്ന് കണ്ട.. രണ്ടാമതൊരാള്‍....??? - Theerchayayum Suhruthe.. Njanum angineyanu kanunnathu. Ashamsakal.

  ReplyDelete